തിരുവനന്തപുരം : പതിവു വിമർശനങ്ങൾ കേട്ടും ചർച്ച ചെയ്തും എന്നാൽ കാര്യമായ ഒരു തിരുത്തലും ഉണ്ടാകാതെ സിപിഎം വിശാല ജില്ലാ കമ്മിറ്റി സമാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവളത്തെ പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ നേതൃതലത്തിൽ പ്രതീക്ഷിച്ച ഒരു അഴിച്ചുപണിയും ഉണ്ടായില്ല. ഒൻപതു പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയത് ഒഴിച്ചാൽ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നും ആരെയെങ്കിലും ഒഴിവാക്കാനോ പുതുതായി ആരെയെങ്കിലും ഉൾക്കൊള്ളിക്കാനോ സിപിഎം സംസ്ഥാന നേതൃത്വം തയാറായില്ല. ജില്ലാ സെക്രട്ടറി വി. ജോയി നിലവിൽ വർക്കല എംഎൽഎ കൂടിയാണ്. അദ്ദേഹം ഒരേ സമയം രണ്ടു പദവി വഹിക്കുന്നതു സംബന്ധിച്ചു ചർച്ചയുണ്ടായെങ്കിലും കാര്യമായ എതിർപ്പ് ഉയരാത്തതിനാൽ ജോയിയുടെ സെക്രട്ടറി സ്ഥാനത്തിന് ഇളക്കമുണ്ടായില്ല. തിരുവനന്തപുരത്തു ബിജെപിയുടെ വളർച്ച ഗൗരവമായി കാണണമെന്നു ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലും സംസ്ഥാന നേതൃത്വം അവതരിപ്പിച്ച തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലും ഉണ്ടായിരുന്നു.
എന്നാൽ ഇതുസംബന്ധിച്ചു കാര്യമായ ഒരു ചർച്ചയോ തിരുത്തൽ നിർദേശങ്ങളോ വിശാല ജില്ലാ കമ്മിറ്റിയിൽ ഉണ്ടായില്ല. കോർപറേഷൻ ഭരണം നഷ്ടപ്പെട്ടതും ബിജെപിക്കു ഭരണം ലഭിച്ചതും ജില്ലയിലെ പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയായാണു പൊതുവെ കമ്മിറ്റിയിൽ ചർച്ച വന്നത്. മേയറായിരുന്ന ആര്യ രാജേന്ദ്രനും വിശാല ജില്ലാ കമ്മിറ്റിയിൽ നന്നേ വിമർശിക്കപ്പെട്ടു. മേയറെ തീരുമാനിക്കുന്നതു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആയതിനാൽ സംസ്ഥാന നേതൃത്വത്തിനും പിശകുപറ്റിയെന്നു ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
എന്നാൽ ചർച്ചയ്ക്കു മറുപടി പറഞ്ഞ നേതാക്കൾ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടായാണു ചിത്രീകരിച്ചത്. ചുരുക്കം പറഞ്ഞാൽ രണ്ടു ദിവസമായി ചേർന്ന വിശാല ജില്ലാ കമ്മിറ്റി കാര്യമായ ഒരു തിരുത്തലിനും വേദിയായില്ലെന്നു തന്നെ വിലയിരുത്താം.
എസ്.അജയകുമാർ, എസ്.ജയിൽകുമാർ, കെ.ശ്രീകുമാർ, എ.എ.റഷീദ്, സുന്ദരംപിള്ള, എൽ.എസ്.ലിജു, വി.എസ്.ശ്യാമ, എൽ.ശകുന്തളകുമാരി, എം.എൽ.കിഷോർ എന്നിവരാണു ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കൾ. ഇതിൽ എ.എ.റഷീദ് നേരത്തേ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കഴിഞ്ഞ സർക്കാരിൽ റഷീദ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായിരുന്നു.